ബെർമിംഗ്ഹാം: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ മ്യുസിഷ്യൻമാരിൽ ശ്രദ്ധേയനായ സ്റ്റീഫൻ ദേവസി ക്നാനായ കാത്തലിക് മിഷൻസ് യുകെ സംഘടിപ്പിക്കുന്ന വാർഷിക കുടുംബ സംഗമം വാഴ്വ് 2026ൽ പങ്കെടുക്കാനെത്തുന്നു.
തന്റെ മാന്ത്രിക വിരൽ കൊണ്ട് സ്വരലയതാള വിസ്മയം തീർക്കുന്ന അതുല്യ പ്രതിഭ സ്റ്റീഫൻ ദേവസി വേദിയിൽ, കലാസന്ധ്യ ഉദ്ഘാടനം ചെയ്ത് കീബോർഡിൽ പാട്ടിന്റെ പാലാഴിയൊരുക്കി സംഗീതത്തിന്റെ മായിക ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുമ്പോൾ വാഴ്വിന്റെ അരങ്ങിൽ സംഗീത കലയുടെ നവവസന്തം പെയ്തിറങ്ങും.
ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ഉച്ചഭക്ഷണത്തിനും ശേഷം നടക്കുന്ന കലാവിരുന്നിന്റെ ഭാഗമായി വാഴ്വിന്റെ വേദിയിലേക്ക് കലാകാരനായ സ്റ്റീഫൻ ദേവസി എത്തുന്നതിലൂടെ കൂടുതൽ യുവജനങ്ങൾക്കും കലാസ്വാദകർക്കും ആസ്വാദ്യകരമായ അനുഭവമാകും ലഭ്യമാകുക.
അറുപതിലേറെ രാജ്യങ്ങളിൽ രണ്ടായിരത്തിലേറെ മ്യൂസിക്കൽ കോൺസേർട്ടുകൾ നടത്തി തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയുടെ പ്രകടനം നേരിൽ ആസ്വദിക്കുവാൻ ലഭിക്കുന്ന ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം.
കലാസ്നേഹികളായ ഒരുപറ്റം ക്നാനായ സഹോദരങ്ങളാണ് സ്റ്റീഫൻ ദേവസിയുടെ ഈ പ്രോഗ്രാം സൗജന്യമായി വാഴ്വിന് സ്പോൺസർ ചെയ്തിരിക്കുന്നത്.
വാഴ്വിന്റെ കലാസന്ധ്യ ക്നാനായ സിംഫണി മേളവും 15 മിഷനുകളിൽ നിന്നും അവതരിപ്പിക്കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട മികച്ച കലാപരിപാടികളും ചേരുമ്പോൾ ഇക്കുറി വാഴ്വ് ഭക്തിനിർഭരവും ആനന്ദദായകവുമായ അവിസ്മരണീയ ദിനമാകും.
സെപ്റ്റംബർ 26ന് ബെർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലേക്ക് എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.